2020, മാർച്ച് 28, ശനിയാഴ്‌ച

രാധ

മാമകവാടിയിൽ വസന്തം നിറയ്ക്കുവാൻ
മാനസേശ്വരാ നീ വന്നണയില്ലേ...? 
കാമിനി രാധിക ഞാനിതാ പാടുന്നു
ശോകാർദ്രമാമീ പ്രണയഗീതം..
അവനിയിലാകവേ വസന്തം നിറയ്ക്കുന്ന
പൂങ്കുയിൽ നീയെന്നറിയുന്നു ഞാൻ...
രാധയും മീരയും ഗീതയും ഗോപിയും
പേരറിയാത്തൊരാ നാരീജനങ്ങളും..
ഏവരും നിനക്കായ് കേഴുന്ന രാത്രിയിൽ
പ്രിയമോടെ നീയോ പാടുന്ന മാത്രയിൽ... 
ഏകയായ് കണ്ണഞാൻ ചെവിയോർത്തിരിപ്പു... നിൻ കരുണാലോലമാം വേണുഗാനത്തിനായ്...
നന്ദകിശോരാ വരുനീ കരുണാ വിലോലാ...
ഒരു മാത്ര വന്നീ രാധയെ പുണരൂ...
ആനന്ദമലരായി ഈ വാടിയിൽ
വിടരൂ...
മാനസേശ്വരാ മായാവിലോലാ
കാത്തിരിപ്പുണ്ടിങ്ങ് കാമിനി രാധിക...
nabithanarayanan madathil

2020, മാർച്ച് 26, വ്യാഴാഴ്‌ച

അത്രമേൽ....

അത്രമേൽ പ്രിയമുള്ളതെല്ലാം
മനസ്സിന്റെ ചെപ്പിലടച്ചങ്ങു വയ്ക്കാം
വെറുമൊരു സ്വപ്നമായ് കാണാൻ പഠിക്കാം
ഇനി വരും നാളേക്കായെല്ലാം മറക്കാം
കനവിലെ നെയ്ത്തിരി നാളമണയ്ക്കാം
ഒരു പുനർജന്മം കൊതിക്കാം
ഇരുവഴിയായങ്ങൊഴുകാം
ഒടുവിലാക്കടലിന്റെ മാറിലായലിയാം
പ്രിയമുള്ളതെല്ലാം മറക്കാം
പരസ്പര മന്യരായ്ത്തന്നെ മരിക്കാം ..
nabithanarayanan madathil

2016, നവംബർ 5, ശനിയാഴ്‌ച

എനിക്കും പറയുവാനുണ്ട്....

നീയൊരാണെന്ന പോലെ ,ഞാനൊരു പെണ്ണാണ്.ഒരു കുടുംബത്തിന് മകളാണ്, കൊച്ചുമകളാണ്.. സഹോദരിയാണ്..., ഭാര്യയാണ്...., നാളെ അമ്മയും.., മുത്തശ്ശിയും ആകേണ്ടവളാണ്... സമൂഹത്തിൽ ഞാൻ നിനക്കു തുല്ല്യയായി അല്ലെങ്കിൽ നിന്നെക്കാൾ ഉയരത്തിൽ നിൽക്കുന്നവളാണ്... നിനക്കുള്ളത് പോലെ ഈ സമൂഹത്തിൽ സർവ്വ സ്വാതന്ത്ര്യത്തോട് കൂടി ജീവിക്കുവാനുള്ള അവകാശം എനിക്കുമുണ്ട്... ഇന്നലകളിൽ ഞാൻ നിന്റെ പൂർവ്വികർക്ക് അമ്മയും, ദേവിയുമായിരുന്നു.. ഞാൻ നിനക്കെന്റെ മുലപ്പാൽ തന്നു... അന്നം തന്നു... നീ കേട്ടിട്ടില്ലേ ... ഭാരത സത്രീകളുടെ ഭാവശുദ്ധിയെപ്പറ്റി... പാതിവ്രത്യത്തെപ്പറ്റി...,.?കേട്ടിട്ടില്ലെങ്കിൽ കേട്ടോളു... മുലക്കരം ചോദിച്ചതിന് മുല ഛേദിച്ചെറിഞ്ഞ.., ഒറ്റമുല കൊണ്ട് ഒരു നഗരം ചാമ്പലാക്കിയ സ്ത്രീ രത്നങ്ങളുണ്ടായിരുന്ന മണ്ണാണിത്... ക്ഷമിച്ചാൽ ഭൂമിയോളം ക്ഷമിക്കും... പക്ഷേ... പിന്നേയും., പിന്നേയും. ... സത്രീത്വത്തെ അപമാനിക്കാന്നാണ് പുറപ്പാടെങ്കിൽ... മനുഷ്യ ചെന്നായ്ക്കളേ... നിങ്ങളറിഞ്ഞു കൊൾക... സത്രീ അമ്മയാണെന്നല്ല.... മറിച്ച് ദുർഗ്ഗയാണെന്ന്... അവളെ ഭോഗവസ്തുവാക്കാൻ ശ്രമിക്കുമ്പോൾ ഓർത്തുകൊൾക... നിന്റെ തലമുറകളെത്തന്നെ ഇല്ലാതാക്കുവാൻ ഒരുവൾ മതിയെന്ന്... ഇരയെന്നതിൽ നിന്ന് വേട്ടക്കാരിയിലേക്ക് അവൾ മാറിയാൽ... രക്ഷയുണ്ടാകില്ല.. നിനക്കിഹത്തിലും ,പരത്തിലും... കരയാനും..., കേഴാനും മാത്രമല്ല... ഉടവാളെടുക്കാനും.., കത്തിപ്പടരുവാനും... പെണ്ണിന് കഴിയുമെന്ന്.. നീ മനസ്സിലാക്കണം... ഇതൊരു താക്കീതാണ്... അമ്മയിൽ..., പെങ്ങളിൽ.,മകളിൽ.., എന്തിന് മുത്തശ്ശിയിൽപ്പോലും.. കാമത്തെ കാണുന്ന.. വ്യഭിചാരിക്കഴുകന്മാർക്കുള്ള..അവസാനത്തെ താക്കീത്.....
നബിതാനാരായണൻ വടശ്ശേരി..

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

നീതി ദേവതയോട്

നീതി ദേവതയോട്.....
അന്ധകാരത്തിൻ കറുപ്പിനാൽ
കൺകെട്ടിയ പെണ്ണേ.....
നീ കരുതിയിരിക്കുക....
'നീ കരുതിയിരിക്കുക നിന്റെ...
മുലക്കച്ചയു,മുടുമുണ്ടും
മുറുക്കിയുടുക്കുക....
നിന്റെ പിന്നിലെ നീതിപീoത്തിൽ...
അനീതിയുടെ ചെന്നായ്ക്കൾ
തക്കം പാർത്തിരിപ്പുണ്ട്...
നിന്റെ തുലാസിലെ നീതിയവർ
വേട്ടക്കാരനു നൽകി...
നിന്നുട വാളിനാൽ ഇരയുടെ
കഴുത്തറുത്തു...
നീതി ദേവതേ......
നീയൊരു പെണ്ണ്...വെറും പെണ്ണ്
നിന്നെ യവർ വില പേശി വിറ്റു..
നീയൊന്നുണരുക...
നിന്റെ കണ്ണിലെ കടുംകെട്ട്
വലിച്ചഴിക്കുക....
നിന്നുടവാളൊന്നാഞ്ഞു ചുഴറ്റുക...
നിനക്കു നീ തന്നെ കാവലേകീടുക....

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കാന്‍സര്‍


മനസിനു കാന്‍സര്‍....
കീമോയില്‍ അഭയം...
ഒാര്‍മ്മയുടെ മുടിയിഴകള്‍
പൊഴിഞ്ഞുപോകുന്നത്
നോക്കി നില്‍ക്കുവാന്‍ നിയോഗം...
പലതിലും നീയുണ്ടായിരുന്നിരിക്കാം..
ഒാര്‍മ്മയിലില്ല...ഒന്നും...
മുണ്ഡനം ചെയ്ത മനസ്സുമായ്
ഈ വേദനകള്‍ക്കു കാവലായ്...
ഞാനിരിപ്പുണ്ട്,
ഇനിയുമോര്‍മ്മകള്‍
വളരുവതും കാത്ത്...

2015, ജൂലൈ 16, വ്യാഴാഴ്‌ച

മരംകൊത്തിയോട്‌





എന്റെ ഓർമ്മമരത്തിലിരുന്ന്‌
ഒരു മരംകൊത്തി വല്ലാതെ കൊത്തിനോവിക്കുന്നു
ചില്ലകളിൽ കൂട്‌ വയ്ക്കാനറിയാത്ത പക്ഷീ,
നീയെന്തിനാണ്‌ ഇത്രമേൽ വേദനിപ്പിക്കുന്നത്‌ ?
ഈ മരഹൃദയത്തിലൊരു കൂടാണ്‌ ലക്ഷ്യമെങ്കിൽ
പ്രിയപ്പെട്ട പക്ഷീ,
ഇതൊരു ഉണങ്ങിയ മരമാണ്‌
ഒരു മഴയിലും തളിർക്കാത്ത പടുമരം.
നിന്റെ ഓരോ കൊത്തിലും
അടർന്നു വീഴുന്നുണ്ട്‌
കണ്ണുനീർത്തുള്ളികൾ....
പിടഞ്ഞു കേഴുന്നുണ്ട്‌
വ്രണിതഹൃദയം....
ഒന്നുറക്കെ കരയാൻ കൊതിയുണ്ട്‌, പക്ഷേ
കടയ്ക്കൽ വച്ച കോടാലിയെ ഭയമാണെനിക്ക്‌.
പ്രിയപ്പെട്ട പക്ഷീ,
പറന്നു പോകൂ....
ഈ ഉയിരകലും മരത്തിൽനിന്ന്‌,
മറ്റൊരു തളിർമരത്തിലേക്ക്‌.
വേദനയില്ലാതെ ഉറങ്ങട്ടേ
ഇത്തിരി നേരമെങ്കിലും ഞാൻ......